ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 2023 ജൂണ്‍ 15ന് സംസ്ഥാനത്തെ 45 ഡിപ്പോകളെയും തമിഴ്നാട്ടിലെ കോയമ്പത്തൂരിനെയും നാഗര്‍കോവിലിനെയും ബന്ധിപ്പിച്ച് ആരംഭിച്ച കൊറിയര്‍ സര്‍വീസ് പ്രവര്‍ത്തനം ഒരുവര്‍ഷമാകുമ്പോഴാണ് കെഎസ്ആര്‍ടിസിയുടെ നേട്ടം. 2023 ജൂണ്‍ 15 കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ 1,95,000 മാത്രമായിരുന്നു മാസവരുമാനം. ഇന്നത് 45 ലക്ഷം പിന്നിട്ടതായി കെഎസ്ആര്‍ടിസി കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളത്തിലെവിടെയും 16 മണിക്കൂറിനകം കൊറിയര്‍ എത്തിക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ അവകാശവാദം. 4,32,000 കൊറിയറുകളാണ് ഒരുവര്‍ഷത്തിനിടെ കെഎസ്ആര്‍ടിസി കൈമാറിയത്. ദിവസവും 2,200 ഉപഭോക്താക്കളെ പരസ്പരം ബന്ധിപ്പിക്കുന്നു. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിന്റെ പിന്തുണയുമുണ്ട്. വാതില്‍പ്പടിസേവനവും ഉള്‍പ്രദേശങ്ങളിലുള്‍പ്പെടെ പുതിയ ഫ്രാഞ്ചൈസികളും ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് കെഎസ്ആര്‍ടിസി. രണ്ടാംഘട്ടം നടപ്പാകുന്നതോടെ വീടുകളില്‍നിന്ന് സാധനങ്ങള്‍ ശേഖരിക്കുന്ന തലത്തിലേക്ക് പദ്ധതിമാറും. സ്വകാര്യ കൊറിയര്‍ സര്‍വീസുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനംവരെ നിരക്കില്‍ കുറവുണ്ട്.
സര്‍വീസിന് ആവശ്യക്കാരേറുന്നതിനാല്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ രണ്ട് വാന്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കോര്‍പറേഷന്‍. സ്വകാര്യ കെറിയര്‍ സര്‍വീസുകള്‍ക്ക് വാനുകളില്‍ സ്ഥലം വാടകയ്ക്ക് നല്‍കാനും ആലോചനയുണ്ട്. ഒരു കിലോഗ്രാം മുതല്‍ 120 കിലോഗ്രാം വരെ ഭാരമുള്ള സാധനങ്ങള്‍ പാഴ്സലായി അയക്കാം. ഇതിനായി ഡിപ്പോകളിലുള്ള കൗണ്ടറില്‍ പാര്‍സല്‍, കൊറിയറുകള്‍ നല്‍കി പണമടച്ചാല്‍ മതി. കെഎസ്ആര്‍ടിസിയുടെ കൊമേഴ്ഷ്യല്‍ വിഭാഗത്തിനാണ് നടത്തിപ്പ് ചുമതല.