റോഡരികില്‍നിന്ന് മുദ്രാവാക്യം വിളിച്ചയാളെ വാഹനത്തിലെത്തിയ വോളന്റിയര്‍മാരാണ് മര്‍ദ്ദിച്ചത്. മറ്റൊരു വാഹനത്തില്‍നിന്ന് പോലിസ് സംഘം പുറത്തിറങ്ങിയെങ്കിലും ആള്‍ക്കൂട്ട ആക്രമണം തുടരുകയായിരുന്നു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ കൂട്ടത്തോടെ വോളന്റിയര്‍മാര്‍ ചെടിച്ചട്ടി, ഹെല്‍മറ്റ് തുടങ്ങിയവ കൊണ്ട് മുഖത്തും തലയ്ക്കും ക്രൂരമായി ആക്രമിച്ചു. 20ഓളം പേരാണ് ആക്രമിച്ചത്. വോളന്റിയര്‍മാര്‍ ഡിവൈഎഫ് ഐ, എസ് എഫ് ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ മഹിതാ മോഹന്‍, സുധീഷ് വെള്ളച്ചാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധം. തലയ്ക്കും മറ്റു പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് കസ്റ്റഡിയിലെടുത്തപ്പോള്‍ സ്‌റ്റേഷന് അകത്തുവച്ചും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതിയുണ്ട്.
രാവിലെ പഴയങ്ങാടിയില്‍ നിരവധി മുസ് ലിം ലീഗ്, യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ പോലിസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. മുസ് ലിം ലീഗ് കല്ല്യാശ്ശേരി മണ്ഡലം ഖജാഞ്ചി എസ് യു റഫീഖ്, മണ്ഡലം മുസ് ലിം യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീര്‍ ആലക്കാട്, കണ്ണൂര്‍ ജില്ലാ എം എസ് എഫ് വൈസ് പ്രസിഡന്റ് തസ്‌ലീം അടിപ്പാലം, മുസ് ലിം യൂത്ത് ലീഗ് മാടായി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സമദ് ചൂട്ടാട്, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഫൈസല്‍ മലക്കാരന്‍, മാടായി ഗ്രാമപ്പഞ്ചായത്തംഗം റിയാസ് പഴയങ്ങാടി, ഷാഫി മാട്ടൂല്‍ തുടങ്ങിയവരെയാണ് പോലിസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ പ്രതിഷേധമുണ്ടായേക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അതേസമയം, നവകേരള സദസ്സിന്റെ പേരില്‍ അനാവശ്യമായി യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വയ്ക്കാനാണ് പോലിസ് തീരുമാനമെങ്കില്‍ മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും റോഡിലിറങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ഇല്ലാതെ, കോടികള്‍ ദൂര്‍ത്തടിക്കുന്ന പരിപാടിയാണ് നവകേരള സദസ്സ്. എന്നാല്‍ ഈ ധൂര്‍ത്ത് നടക്കുന്നതിന്റെ പേരില്‍ പാവപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുറത്തിറങ്ങാന്‍ അനുവദിക്കാത്തത് ജനാധിപത്യ വിരുദ്ധതയാണ്. എന്തിനാണ് മന്ത്രിമാരും പോലിസും ഇങ്ങനെ ഭയക്കുന്നതെന്ന് മനസ്സിലാവുന്നില്ല. യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ മുഖ്യനും കൂട്ടരും ഏത് പാതാളത്തില്‍ ഒളിച്ചാലും ആയിരക്കണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെരുവിലിറക്കി പ്രതിഷേധിക്കാന്‍ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരിങ്കൊടി കാട്ടി ഒഴിവാക്കാൻ കഴിയുന്ന ഒന്നല്ല നവകേരള സദസ് ; മുഖ്യമന്ത്രി പിണറായി വിജയൻ
കരിങ്കൊടി കാട്ടി ഒഴിവാക്കാൻ കഴിയുന്ന ഒന്നല്ല നവകേരള സദസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരിങ്കൊടി കാട്ടാൻ നേതൃത്വം കൊടുത്തവർക്ക് അതറിയാമെന്നും പരിപാടിയുടെ ശോഭ കെടുത്താനുള്ള അജണ്ടയാണ് ഇതിന് പിന്നിലെന്നും സർക്കാരിനെ പിന്തുണയ്ക്കുന്നവർ അതിൽ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തളിപ്പറമ്പ് മണ്ഡലം നവകേരള സദസ് ഉണ്ടപ്പറമ്പ് മൈതാനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ നവകേരള സദസ് ഏറ്റെടുത്തു കഴിഞ്ഞു. ഓരോ പരിപാടികളിലെയും പങ്കാളിത്തം അതാണ് തെളിയിക്കുന്നത്. നാടിൻ്റെ ഭാവി ഉറപ്പു നൽകുന്ന സന്ദേശമായാണ് പരിപാടിയെ ജനങ്ങൾ കാണുന്നത്. ആരോഗ്യ കമായ വളർച്ച കേരളത്തിൽ ഉണ്ടാക്കുക, ഭാവി കൂടുതൽ സമൃദ്ധമാക്കുന്ന, ആധുനിക കാലത്തിന് അനുസൃതമായ വികാസം പ്രാപിച്ച ഒരു നാടായി കേരളം മാറുമെന്ന സന്ദേശം ഉൾക്കൊണ്ടു കൊണ്ടാണ് ജനങ്ങൾ പരിപാടിയിലേക്ക് എത്തുന്നത്.
ഇത് പലർക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. അതിൻ്റെ ഭാഗമായാണ് മാടായിയിൽ പരിപാടി കഴിഞ്ഞു വരുന്ന വഴി ചിലർ കരിങ്കൊടി കാട്ടിയത്. കരിങ്കൊടി കാട്ടി ഒഴിവാക്കാൻ കഴിയുന്ന ഒന്നല്ല നവകേരള സദസ്. അത് അതിന് നേതൃത്വം നൽകുന്നവർക്ക് അറിയാം. ഇത്തരം സന്ദർഭങ്ങളിൽ സർക്കാരിനെ ഇഷ്ടപ്പെടുന്നവർ സ്വാഭാവികമായും വല്ലാത്ത രീതിയിൽ പ്രതികരിക്കും. അത് ഉയർത്തിക്കാട്ടി പരിപാടിയുടെ ശോഭ കെടുത്താമെന്നുള്ള നിഗൂഢ അജണ്ടയാണ് അവർ നടപ്പിലാക്കിയത്.
ഈ അവസരത്തിൽ എൽ.ഡി.എഫ് സർക്കാരിനെ പിന്തുണക്കുന്നവരോട് അഭ്യർത്ഥിക്കാനുള്ളത് അത്തരം നിഗൂഢ അജണ്ടയിൽ വീണുപോകരുതെന്നും എല്ലാവരും സംയമനം പാലിക്കണമെന്നുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിനയ്യായിരത്തിലേറെ ആൾക്കാരാണ് നവകേരള സദസിന്റെ ഭാഗമായി ഉണ്ടപ്പറമ്പ് മൈതാനിയിൽ എത്തിയത്.
Youth Congress, Black flag, Payangadi, Nava kerala sadass, Pinarayi Vijayan, Kerala Government, Kannur, DYFI, SFI, KSU, Kallyassery Constituency, Payangadi News, Payangadi Live