സാവോപോളോ: കാൽപന്തിന്റെ മായാജാലം കൊണ്ട് ലോകം കീഴടക്കിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളോടൊപ്പം അർബുദം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഈ വർഷം സെപ്റ്റംബറിൽ പതിവ് ആരോഗ്യ പരിശോധനക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് കുടലിൽ അർബുദം ബാധിച്ചതായി അറിഞ്ഞത്.
കുറച്ചുദിവസത്തെ ചികിത്സക്കു ശേഷം ആശുപത്രിവിട്ട പെലെയെ ഡിസംബറിൽ കീമോ തെറാപ്പിക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡീഗോ മറഡോണ വിടപറഞ്ഞതിനു പിന്നാലെ പെലെയും മറയുന്നതോടെ കാൽപന്തു ലോകത്തിന് സമീപ കാലത്തായി നഷ്ടമായത് ലോകംകണ്ട രണ്ട് ഇതിഹാസ താരങ്ങളെയാണ്.