ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. കൊലയ്ക്ക് പിന്നില്‍ 22 അംഗ സംഘമുണ്ടെന്നാണ് സൂചന. പ്രതികള്‍ ചാവക്കാട് ഭാഗത്തുളളവര്‍ തന്നെയെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞദിവസം വൈകിട്ട് പുന്ന സെന്ററില്‍ വച്ച് നൗഷാദ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, നൗഷാദ് ഇന്നലെ ചികിത്സയ്ക്കിടെ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
നൗഷാദിന്റെ ശരീരത്തിലേറ്റ പരിക്കുകളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഡി.പി.ഐ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്. ഇതിന്റെ ഭാഗമായി പുന്ന, ചാവക്കാട് മേഖലകളിലെ മുപ്പത്തിലേറെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്തു. ആറ് മാസം മുമ്പ് നൗഷാദുമായി വാക്കേറ്റമുണ്ടായ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ ചാവക്കാട് സ്വദേശികളായ ഷാജി, മൊയ്തീന്‍, അഷ്‌റഫ് എന്നീ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അക്രമി സംഘത്തിലുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ അക്രമം നടന്നയുടന്‍ സ്ഥലത്ത് നിന്ന് മുങ്ങിയതായും പോലീസ് കണ്ടെത്തി.
സംഭവത്തിനു ശേഷം പ്രദേശത്തെ നിരവധി സി.സി.ടി.വി ക്യാമറകള്‍ പോലീസ് പരിശോധിച്ചിരുന്നു. നൗഷാദിനെയും കൂട്ടരേയും വെട്ടി പരിക്കേല്‍പ്പിച്ചതിന് ശേഷം ആറ് ബൈക്കുകളിലാണ് അക്രമി സംഘം മടങ്ങിയത്. ആക്രമണ സമയത്ത് ബൈക്ക് അപകടപ്പെട്ടതിനാല്‍ സംഘത്തിലെ രണ്ട് പേരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് ഷാജിയാണ്. ഇതുകൂടാതെ നൗഷാദിനെതിരെ ഫേസ്ബുക്കിലൂടെ ഉയര്‍ന്ന വധഭീഷണികളും പോലീസ് പരിശോധിക്കുന്നുണ്ട്.
14 പേരാണ് ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തത്. ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ആക്രമണം നടത്തിയിരിക്കുന്നത്. നൗഷാദായിരുന്നു അക്രമികളുടെ ഉന്നമെന്നും നൗഷാദിനാണ് ആദ്യം വെട്ടേറ്റതെന്നും പോലീസ് പറഞ്ഞു. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് കഴുത്തിലും കൈകാലുകളിലും വെട്ടിയത്.