വാഗമണ്‍: നെടുങ്കണ്ടം പോലീസിന്റെ കസ്റ്റഡിയിൽ മർദ്ദനമേറ്റ് മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ പുറത്തെടുത്തു. കേസ് അന്വേഷിക്കുന്ന ജുഡീഷൽ കമ്മീഷൻ ജസ്റ്റീസ് കെ.നാരായണക്കുറുപ്പ്, പീരുമേട് മജിസ്ട്രേറ്റ് എന്നിവരുടെ സാന്നിധ്യത്തിലാണ് വാഗമണ്‍ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. സംസ്കാരം നടത്തി 37 ദിവസം പിന്നിട്ട ശേഷം പുറത്തെടുത്ത മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെയാണ് വിദഗ്ധരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തുക.
കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ആദ്യ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ടിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ നിയോഗിച്ച ജുഡീഷൽ കമ്മീഷൻ ജസ്റ്റീസ് കെ.നാരായണക്കുറുപ്പ് റീ പോസ്റ്റ്മോർട്ടത്തിനു നിർദേശം നൽകിയത്. ആദ്യ പോസ്റ്റ്മോർട്ടത്തിൽ പരിക്കുകളുടെ പഴക്കം കണ്ടെത്തുകയോ ആന്തരാവയവങ്ങൾ പരിശോധനക്ക് എടുക്കുകയോ ചെയ്തിരുന്നില്ല.
വാരിയെല്ലുകൾക്കു പൊട്ടലുണ്ടാകാൻ കാരണം മരണസമയത്ത് പീരുമേട് താലൂക്ക് ആശുപത്രിയിൽ നെഞ്ചിലമർത്തി സിപിആർ കൊടുത്തതിനെ തുടർന്നാണെന്നാണ് ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പോലീസ് മർദനത്തിലാണോ വാരിയെല്ലുകൾക്ക് പൊട്ടലേറ്റതെന്നും പീരുമേട് സബ് ജയിലിൽ രാജ്കുമാറിന് മർദനമേറ്റിട്ടുണ്ടോ എന്നുമാണു കമ്മീഷൻ പരിശോധിക്കുന്നത്.
റീ പോസ്റ്റ്മോർട്ടം അന്വേഷണത്തിൽ നിർണായകമാകുമെന്നു ജസ്റ്റീസ് കെ.നാരായണക്കുറുപ്പ് പറഞ്ഞു. ആദ്യ പോസ്റ്റ്മോർട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കമ്മീഷൻ പരിശോധിക്കുമെന്നും ഇതിനായി ദൃശ്യങ്ങൾ ഔദ്യോഗികമായി ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.